Loading...
+91 9288003324

ഉപ്പു മുതൽ പായസം വരെ... ഓണസദ്യാ വിഭവങ്ങൾ ശരിയായ ക്രമത്തിൽ എങ്ങനെ വിളമ്പാം ? ..

ഓണക്കാലം  ഇങ്ങു വന്നെത്തി ..കഴിഞ്ഞ വർഷങ്ങളിലെ  കോവിഡ് മഹാമാരിയുടെ ഭീതിയെ എല്ലാം മറികടന്നു  എല്ലാവരും നമ്മുടെ  ദേശീയോത്സവത്തെ  വരവേൽക്കാൻ പ്രതീക്ഷയോടെ ഒരുങ്ങി നിൽക്കുകയാണ്.ഓണാഘോഷങ്ങളിൽ പ്രധാനം ഓണസദ്യ തന്നെ.ഉണ്ടറിയണം ഓണം എന്നാണല്ലോ പഴമൊഴി .വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിൽ മാത്രമല്ല വിളമ്പുന്നതിലും  ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് .

 തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത് .ഇലയുടെ വീതിയുള്ള ഭാഗം സദ്യ കഴിക്കുന്നയാളിൻറെ വലതു കയ്യുടെ വശത്തേക്ക് വരുന്ന വിധത്തിൽ ഇല വെക്കണം . ഇരുപത്തിയാറു ഇന സദ്യവട്ടങ്ങൾ ആണ് സാധാരണയായി  ഒരുക്കുന്നത് .ഇലയുടെ രണ്ടു ഭാഗങ്ങളിലായാണ് ഇത് വിളമ്പുന്നത് .ആദ്യം ഇലയുടെ ഇടതു വശത്തു മുകൾ ഭാഗത്തായി ഉപ്പ്‌ വിളമ്പുന്നു .  ഇതിനു താഴെയായി വറുത്തുപ്പേരികൾ ,ചെറുപഴം,പപ്പടം എന്നിവ  വിളമ്പുന്നു.അതിനു ശേഷം ഇലയുടെ മുകൾ ഭാഗത്തായി ഇഞ്ചിക്കറി ,നാരങ്ങാ അച്ചാർ ,എരിയും പുളിയും ചേർന്ന  പച്ചടി ,മധുരകറിയായ കിച്ചടി ,കുമ്പളങ്ങയും വൻപയറും ചേർത്ത് തയ്യാറാക്കുന്ന ഓലൻ എന്നിവ വിളമ്പുന്നു .അതിനടുത്തായി തോരൻ ,മെഴുക്കുപുരട്ടി ,കൂട്ടുകറി,എരിശ്ശേരി എന്നിവയും വിളമ്പുന്നു .ഇലയുടെ വലതു വശത്തായി അവിയലും അതിനു തൊട്ടു താഴെയായി കാളനും വിളമ്പുന്നു.ഇലയുടെ താഴ്‌ഭാഗത്തായി ചോറ് വിളമ്പുന്നു.തുടർന്ന് പരിപ്പുകറിയും  നെയ്യും വിളമ്പുന്നു .തുടക്കത്തിൽ അല്പം ചോറ് നെയ്യും പരിപ്പും ചേർത്ത് കഴിക്കണം .അതിനു ശേഷമാണ് സാമ്പാർ വിളമ്പി  പപ്പടവും കറികളും ചേർത്ത് ചോറ് കഴിക്കുന്നത് .ശേഷം കുറച്ചു ചോറ് പുളിശ്ശേരി ഒഴിച്ചും കഴിക്കാം.ചോറ് കഴിച്ചുകഴിയുമ്പോൾ പായസങ്ങൾ വിളമ്പാം .പായസ്സങ്ങളിൽ പ്രധാനം അടപ്രഥമൻ തന്നെ .ഇത് കൂടാതെ പഴം പ്രഥമൻ,ഗോതമ്പു പായസം എന്നിവയും തയ്യാറാക്കി വിളമ്പാം .പിന്നീടാണ് പാൽപായസ്സം വിളമ്പുന്നത് .  പായസം കഴിച്ചുകഴിഞ്ഞാൽ പച്ചമോരും രസവും കുടിക്കാം .സാധാരണയായി കൈക്കുമ്പിളിലാണ്‌ ഇവ ഒഴിക്കുന്നത് .അല്ലെങ്കിൽ ഇലയിൽ ഒഴിച്ച് അല്പം ചോറ് ചേർത്ത് കഴിക്കാം .

 പോഷകസമൃദ്ധമാണ് നമ്മുടെ ഓണസദ്യ . ആരോഗ്യത്തിന് ആവശ്യകമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള സദ്യ എല്ലാ രുചികളും പകരുന്ന മികച്ച സമീകൃതാഹരമാണ് .


back-to-top